ബംഗളൂരു: ബന്നാർഘട്ട റോഡിൽ കലേന അഗ്രഹാരയ്ക്ക് സമീപം കാർ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകട പരമ്പര.
സംഭവത്തിൽ ഒഡീഷ സ്വദേശികളായ സ്മിത, കിരൺ, മൊയ്സിൻ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരിൽ സ്മിത ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മൂന്ന് ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബന്നാർഘട്ട റോഡ് സ്വദേശിയായ കാർ ഡ്രൈവർ അഗർവാളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി ട്രാഫിക് പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് നാലോടെ ജിഗാനി ഭാഗത്തുനിന്ന് ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയ്ക്ക് സമീപം വരികയായിരുന്നു കാർ ഡ്രൈവറായ അഗർവാൾ.
അതിനിടയിലാണ് പെട്ടെന്ന് ഒരാൾ എതിരെ വന്നത്. ഈ സമയം പെട്ടെന്ന് ബ്രേക്കിടാൻ ശ്രമിച്ച കാർ ഡ്രൈവർ ചവിട്ടിയത് ആക്സിലേറ്ററിൽ ആയിപോയി.
ഇതേത്തുടർന്ന് അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോയ മൂന്ന് ബൈക്കുകളിൽ ഇടിച്ച് റോഡിന്റെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഈ പരമ്പര അപകടത്തിൽ ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന സ്മിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ കിരൺ, മൊയ്സിൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി ട്രാഫിക് പോലീസ് അറിയിച്ചു.
ഹുളിമാവ് ട്രാഫിക് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.