ബെംഗളൂരു: തുമകൂരുവിലെ ചിക്കബെല്ലാവിയിൽ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച പുലിയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി.
വനമേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ചിക്കബെല്ലാവി. നേരത്തേയും ഇവിടെ പുലിയിറങ്ങിയിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞ ദിവസം പ്രദേശത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ലേഖന എന്ന ഏഴുവയസുകാരിയെയാണ് പുലി ആക്രമിച്ചത്.
സംഭവ സമയം കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായതാണ് കുട്ടിക്ക് തുണയായത്. പുലി കുട്ടിയെ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടു പോകുന്നത് കണ്ട പിതാവ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പരുക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റതോടെ ഗ്രാമീണർ വനം വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
തുടർന്നാണ് അധികൃതരെത്തി പുലിയെ പിടികൂടാനായി നാല് കൂടുകൾ സ്ഥാപിച്ചത്.
പുലിയെ പിടികൂടിയെങ്കിലും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നാലുവയസ്സുള്ള പുലിയാണ് കൂട്ടിലകപ്പെട്ടതെന്നും ആരോഗ്യപരിശോധനയ്ക്കുശേഷം ഇതിനെ ഉൾവനത്തിൽ തുറന്നുവിടുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.