ബെംഗളൂരു : നിയുക്ത ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മുൻമുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെ എസ്.എം. കൃഷ്ണ എന്നിവരെയും കണ്ട് അനുഗ്രഹം തേടി.
ബുധനാഴ്ചയാണ് വിജയേന്ദ്ര സ്ഥാനമേറ്റെടുക്കുന്നത്. പദ്മനാഭനഗറിലെ ദേവഗൗഡയുടെ വസതിയിലെത്തിയ വിജയേന്ദ്ര ദേവഗൗഡയുടെ കാൽതൊട്ടു വണങ്ങി. ദേവഗൗഡ വിജയേന്ദ്രയെ ഷാളണിയിച്ചു .
ലോക്‌സഭാതിരഞ്ഞെടുപ്പിൽ ആശയക്കുഴപ്പത്തിന് ഇടവരുത്താതെ ബി.ജെ.പി.യും ജെ.ഡി.എസും ഒറ്റക്കെട്ടായി പൊരുതണമെന്ന് ദേവഗൗഡ ആവശ്യപ്പെട്ടതായി വിജയേന്ദ്ര പറഞ്ഞു.
ലോക്‌സഭാതിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും രാഷ്ട്രീയത്തിലേക്ക് കൂടുതൽ യുവാക്കളെ കൊണ്ടുവരണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു.
ബസവരാജ് ബൊമ്മെയെയും അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വിജയേന്ദ്ര കണ്ടത്. ബൊമ്മെയുടെ അനുഗ്രഹവും മാർഗനിർദേശങ്ങളും തേടിയെന്ന് വിജയേന്ദ്ര പറഞ്ഞു. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനപര്യടനം നടത്തുമെന്ന് ബൊമ്മെ ഉറപ്പുനൽകിയതായി വിജയേന്ദ്ര പറഞ്ഞു