ബെംഗളൂരു : ഭക്ഷണശാലയിൽ നിന്ന് ക്യാമറയിൽ പകർത്തിയ ഫോട്ടോ മൊബൈലിലേക്ക് അയക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 18-കാരൻ കുത്തേറ്റു മരിച്ചു.
ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. നാട്ടുകാരനായ സൂര്യയാണ് കൊല്ലപ്പെട്ടത്.
ഭക്ഷണശാലയുടെ ഭിത്തിയിൽ ആകർഷിക്കാൻ ധാരാളം പെയിന്റിങ്ങുകളുണ്ടായിരുന്നു.
ഇവിടെനിന്ന് ആളുകൾ ഫോട്ടോയെടുക്കുന്നത് പതിവാണ്.
സൂര്യയും മൂന്നു സുഹൃത്തുക്കളും ഫോട്ടോയെടുത്തു. ഇതിനിടെ മറ്റൊരു സംഘമെത്തി സൂര്യയോടും സംഘത്തോടും അവരുടെ ചിത്രമെടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഫോട്ടോകൾ വാട്സാപ്പിൽ അയക്കാൻ സംഘം ആവശ്യപ്പെട്ടു.
എന്നാൽ, ക്യാമറയിലെടുത്തതിനാൽ ഫോട്ടോ നേരിട്ട് ഫോണിലേക്ക് അയക്കാൻ കഴിയില്ലെന്ന് ഡൗൺലോഡ് ചെയ്ത് പിന്നീടേ അയക്കാൻ കഴിയൂ എന്ന് സൂര്യ പറഞ്ഞു.
ഇതേചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ദിലീപ് എന്നയാൾ മുർച്ചയേറിയ ആയുധമുപയോഗിച്ച് സൂര്യയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടൻ ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു. അക്രമിസംഘം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.