ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാഗർലെ ഗ്രാമത്തിലാണ് സംഭവം.
അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു.
പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പ്രദേശത്തെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ഗുരുതരമായ പൊള്ളലേറ്റ യുവാവ് ചൊവ്വാഴ്ചയോടെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് വെറുതെവിട്ടിരുന്നു.