ബെംഗളൂരു: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര ഇടപെട്ടുവെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമുള്ള തരത്തിലുള്ള വിഡിയോ പ്രചരിക്കുന്നു.
സിദ്ധരാമയ്യക്ക് സ്ഥലംമാറ്റത്തിനുള്ള നിർദേശം മകൻ നൽകുന്ന തരത്തിലുള്ളതാണ് വിഡിയോ.
എന്നാൽ, ഇരുവരും എന്താണ് പറയുന്നതെന്ന് വ്യക്തമല്ല. വരുണ മണ്ഡലത്തിലെ മുൻ എം.എൽ.എ കൂടിയാണ് യതീന്ദ്ര.
അതേസമയം, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സിദ്ധരാമയ്യയുടെ മകൻ ഇടപെട്ടുവെന്നും ഇതാണ് വിഡിയോ തെളിയിക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
മൈസൂരു ജില്ലയിലെ പൊതുപരിപാടിക്കിടെ യതീന്ദ്ര ഫോണിൽ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്.
താൻ തന്ന അഞ്ചുപേരുടെ പട്ടികയിൽ പറഞ്ഞ പ്രകാരം ചെയ്യണമെന്നാണ് ഇതിൽ യതീന്ദ്ര പറയുന്നത്.
ഫോൺ സംഭാഷണം പിതാവായ സിദ്ധരാമയ്യയുമായാണ് നടന്നതെന്നും കൈക്കൂലിക്കായി മകൻ ഇടപെടുകയാണ് ചെയ്തതെന്നുമാണ് ആരോപണം.
കൈക്കൂലി പിരിക്കുന്ന രാജകുമാരനാണ് യതീന്ദ്രയെന്ന് വിഡിയോ സഹിതം കുമാരസ്വാമി സമൂഹ മാധ്യമത്തിൽ കുറിച്ചു.