ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കല്യാൺ നഗറിലെ ചള്ളകെരെയിൽ അമിതവേഗത്തിൽ എത്തിയ മിനിവാൻ ഇടിച്ച് 60 വയസ്സുള്ള സ്ത്രീക്ക് പരിക്കേറ്റു.
ചള്ളക്കരെ സ്വദേശി ഷൈല എന്ന ഷീലയാണ് പരിക്കേറ്റത്.
മിനിവാൻ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ആരോപണം.
സ്ത്രീയെ ഇടിച്ചു വീഴ്ത്തിയ ശേഷം മിനിവാൻ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും വീടിന്റെ കോമ്പൗണ്ട് ഭിത്തിയിൽ ഇടിച്ചു നിൽക്കുകയും ചെയ്തു.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രാർഥനയ്‌ക്കായി രാവിലെ എട്ട് മണിയോടെ കൊച്ചുമകളോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഷൈലയെ മിനിവാൻ ഇടിക്കുകയായിരുന്നുവെന്ന് ഹെന്നൂർ പോലീസ് പറഞ്ഞു.
വാൻ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഷീലയും ചെറുമകളും കടന്നുപോകുമ്പോൾ, കുമാർ പെട്ടെന്ന് വാൻ സ്റ്റാർട്ട് ചെയ്ത് ഓടിച്ച് ഷൈലയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഷൈലയുടെ ചെറുമകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഷൈലയെ ഇടിച്ചതിന് ശേഷം കുമാർ വാൻ മുന്നോട്ട് ഓടിക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ബൈക്കിലും ഇടിക്കുകയും ചെയ്ത ശേഷം കോമ്പൗണ്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഷൈലയുടെ വലതുകാലിന് ഒടിവുണ്ടായെന്നും അപകടനില തരണം ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുമാർ ഒരു കൊത്തുപണിക്കാരനാണ്. മദ്യലഹരിയിലായത് കൊണ്ടുതന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ കഴിഞ്ഞില്ലന്നും പോലീസ് പറഞ്ഞു.
മതിലിൽ ഇടിച്ചു നിന്ന് വാഹനത്തിൽ നിന്നിറങ്ങി തകർന്ന മതിലിനു മുകളിൽ ഇരിക്കുകയായിരുന്നു കുമാർ.
കുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് അറിയിച്ചു.