ബെംഗളൂരു: ഐ ടി നഗരം ആദ്യമായി വേദിയാകുന്ന പോത്തോട്ട മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
നവംബർ 25,ന് രാവിലെ 10 .30 ന് ബെംഗളൂരു പാലസ് മൈതാനിയിൽ ആരംഭിക്കുന്ന മത്സരം 26 ന് വൈകിട്ട് 4 ന് സമാപിക്കും.
എട്ടുലക്ഷംപേർ മേള കാണാനെത്തുമെന്നാണ് പ്രതീക്ഷി.
നാടോടിപാരമ്പര്യത്തെ തുളുനാടിനു പുറത്തേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പള കമ്മിറ്റി ചെയർമാൻ പ്രകാശ് ഷെട്ടി വ്യക്തമാക്കി.
175 ജോഡി പോത്തുകളാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുക. ഒരുലക്ഷം രൂപയും 16 ഗ്രാം സ്വർണമെഡലുമാണ് ഒന്നാംസമ്മാനം.
അരലക്ഷം രൂയും എട്ട് ഗ്രാം സ്വർണമെഡലും രണ്ടാംസമ്മാനമായും കാൽലക്ഷം രൂപയും നാല് ഗ്രാം സ്വർണമെഡലും മൂന്നാംസമ്മാനമായും നൽകും.
എട്ടുകോടിരൂപയാണ് മേളയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കാളകൾ വ്യാഴാഴ്ച തീരമേഖലകളിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.
ഇവയ്ക്കുള്ള ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് വഹിക്കുന്നത് ജെ.ഡി.എസ്. എം.എൽ.എ.യും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണയാണ്.
മത്സരത്തിന്റെ മുഖ്യവേദി കന്നഡിഗരുടെ ആവേശമായ നടൻ പുനീത് രാജ്കുമാറിന്റെ പേരിലായിരിക്കും.
മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറുടെ പേരിലാണ് മേള സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽനിന്നുള്ള കരകൗശല ഉത്പന്നങ്ങളുടെയും ഭക്ഷണവിഭവങ്ങളുടെയും 150 സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.