Read Time:1 Minute, 26 Second
ബെംഗളൂരു : സംസ്ഥാനത്തെ കർഷകഗ്രാമങ്ങളിലെ യുവാക്കൾക്ക് വധുവിനെ കിട്ടാതെ വിവാഹം നീണ്ടുപോകുന്ന പ്രശ്നം വീണ്ടുമുയരുന്നു.
കർഷകകുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹംചെയ്തയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് കാരണം.
വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനായി മൈസൂരുവിൽ യുവാക്കൾ പദയാത്ര നടത്താനൊരുങ്ങുകയാണ്.
മൈസൂരുവിൽ നിന്ന് ആദി ചുഞ്ചനഗിരി മഠത്തിലേക്കാണ് യാത്ര. കർണാടക രാജ്യ വൊക്കലിഗ വികാസ വേദികെ സംഘടിപ്പിക്കുന്ന പദയാത്ര ഡിസംബർ എട്ടുമുതൽ പത്തുവരെ നടത്താനാണ് തീരുമാനം.
ബോധവത്കരണമാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
കാർഷികഗ്രാമങ്ങൾ ഏറെയുള്ള മൈസൂരു, മണ്ഡ്യ, ചാമരാജനഗർ ജില്ലകളിലാണ് കർഷകകുടുംബങ്ങളിലെ യുവാക്കളുടെ വിവാഹം നീണ്ടുപോകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അവിവാഹിതരായ കർഷകയുവാക്കൾ ചാമരാജനഗറിലെ എം.എം. ഹിൽസിലേക്ക് പദയാത്ര നടത്തിയതോടെയാണ് പ്രശ്നം ജനശ്രദ്ധയിലെത്തിയത്.