ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയിൽ 12 പേരെ കടിച്ച തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.
പരിക്കേറ്റവരെ നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.
പരമേഷ്, ചൗഡപ്പ, കൃഷ്ണ, ചൗഡ റെഡ്ഡി, മുഹമ്മദ്, കിഷോർ, അൻവർ, രാധ, തൻവീർ എന്നിവർക്കും മറ്റ് ചിലർക്കുമാണ് പരിക്കേറ്റത്.
നായ ആളുകളെ ആക്രമിച്ച വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് നെലമംഗല ടൗൺ ഇൻസ്പെക്ടർ ശശിധറിന്റെ നേതൃത്വത്തിൽ പോലീസ് നായയെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
എന്നാൽ ഇതിനിടെ ടൗണിലെ ടിബി ബസ് സ്റ്റാൻഡിന് സമീപം നായ കൂടുതൽ ആളുകളെ ആക്രമിക്കാൻ തുടങ്ങിയതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് പൊതുജനങ്ങൾ നായയെ തല്ലിക്കൊന്നു.
നെലമംഗല ടൗൺ റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കിയ നായ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ഒക്ടോബർ 17ന് നെലമംഗല താലൂക്കിലെ ബേഗൂർ ഗ്രാമത്തിൽ തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചു.
പരിക്കേറ്റവരെ നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. സംഭവത്തിൽ നെലമംഗല റൂറൽ പൊലീസ് സ്റ്റേഷനിൽ കേസെടുത്തു.