പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ 

0 0
Read Time:4 Minute, 13 Second

ബെംഗളുരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ.

വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസ് (33) നെയാണ് റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് ഇയാൾ തട്ടിയത്.

സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാൽപ്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

ഓൺലൈൻ ടാസ്ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്.

പാർട്ട് ടൈം ജോലിയുടെ ഭാഗമായി യൂട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യുന്നത് വഴി വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാൽ 1250 രൂപ വരുമാനം എന്നിങ്ങനെയായിരുന്നു ഇവർക്ക് ലഭിച്ച വാഗ്ദാനം.

ആദ്യ ഘട്ടം എന്ന നിലയിൽ ചെറിയ തുകകൾ തട്ടിപ്പുസംഘം പ്രതിഫലം, ലാഭം എന്നിങ്ങനെ പറഞ്ഞ് കൈമാറും.

തുടർന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകൾ നിക്ഷേപിപ്പിക്കും.

ഇതിന്‍റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് ടാക്സുകൾ എന്നിങ്ങനെ കൂടുതൽ തുകകൾ വാങ്ങി കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ തട്ടിപ്പ് നടത്തുന്നതിനായി സാധാരണക്കാരെക്കൊണ്ട് കറൻറ് അക്കൗണ്ട് മനോജ് എടുപ്പിക്കും.

ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവുമാണ്.

പിടിക്കപ്പെട്ടാൽ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഇത്തരം നാൽപ്പത്തിയഞ്ചോളം അക്കൗണ്ടുകളാണ് ചതിയിലൂടെ സ്വന്തമാക്കിയത്. ഇതിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവർ പണം നിക്ഷേപിക്കുന്നത്. 250 കോടിയിലേറെ രൂപ ഇത്തരത്തിൽ അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.

ഒരു ദിവസം ആയിരത്തിലേറെ പണമിടപാട് ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബൈയിൽ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നിങ്ങനെ രണ്ടു പേരെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടുവെന്നും, അവർ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് മനോജ് പറഞ്ഞത്. എന്നാൽ പോലീസിന്‍റെ അന്വേഷണത്തിൽ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും ഇവ ചൈനയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെന്നുമാണ് മനസിലാകുന്നത്.

അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. ബംഗളൂരു സിറ്റി സൈബർ പോലീസിൽ പ്രതിക്കെതിരെ കേസുകളുണ്ട്. എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐ റെനിൽ വർഗീസ് സീനിയർ സി.പി.ഒമാരായ വികാസ് മണി, ലിജോ ജോസ്, ജെറി കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts