0
0
Read Time:1 Minute, 29 Second
ബെംഗളൂരു : കുടകിൽ വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. ഇത്രയും നാളും കാപ്പി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം വീടിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.
ജില്ലയിലെ വിരാജ്പേട്ട താലൂക്കിലെ ബെട്ടോള്ളി വില്ലേജിലെ ഡിഎച്ച്എസ് മിൽ വളപ്പിൽ എത്തിയ കാട്ടാന ഒരു വീടിനു മുന്നിൽ വച്ചിരുന്ന ചെടിച്ചട്ടികൾ കാലുകൊണ്ട് ചവിട്ടി നശിപ്പിച്ചു.
ഈ സമയം വീട്ടിലുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. മൂന്ന് കാട്ടാനകളെയാണ് വീഡിയോയിൽ കാണുന്നത്.
കാട്ടിൽ നിന്ന് ഭക്ഷണം തേടിയെത്തിയ കാട്ടാനകൾ കാട്ടിലേക്ക് പോകാതെ ഗ്രാമത്തിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് തങ്ങിയത്.
ഒരു കാട്ടാനക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് ആനകൾ പരിസരപ്രദേശങ്ങളിൽ വിഹരിക്കുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചു.
ഇക്കാര്യത്തിൽ വനംവകുപ്പ് ഉചിതമായ നടപടിയെടുക്കാത്തതിൽ ഗ്രാമവാസികൾ അമർഷം പ്രകടിപ്പിച്ചു.