ബെംഗളൂരു : പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റിന് ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടക്കമാകും.
‘ബ്രേക്കിങ് ബൗണ്ടറീസ്’ എന്നതാണ് ഇത്തവണ ടെക് സമ്മിറ്റിന്റെ മുദ്രവാക്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിവിധ ഐ.ടി.കമ്പനി മേധാവികൾ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
ഐ.ടി. അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന 20,000-ത്തോളം പേരും മൂന്നുദിനം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.
കർണാടക ഐ.ടി.- ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള ഐ.ടി.വിദഗ്ധരും കമ്പനി പ്രതിനിധികളും പങ്കെടുക്കും.
വൻകിട ഐ.ടി.കമ്പനികളുമായുള്ള ഏതാനും കരാറുകളും സംസ്ഥാനസർക്കാർ സമ്മേളനത്തിനിടെ ഒപ്പുവെക്കും.
മൂന്നുദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ 70-ഓളം സെമിനാറുകൾ നടക്കും. സ്റ്റാർട്ടപ്പുകൾക്ക് ഐ.ടി.മേഖലയിലെ മറ്റു കമ്പനി മേധാവികളുമായും ഈ മേഖലകളിൽ നിക്ഷേപം നടത്തുന്നവരുമായും കൂടിക്കാഴ്ചയ്ക്ക് പ്രത്യേക അവസരമൊരുക്കും.
ഡിസംബർ മൂന്നിന് സമ്മേളനം സമാപിക്കും.