മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. 87 വയസ്സായിരുന്നു.
നടിയും സംഗീതജ്ഞയുമായ താര കല്യാണിന്റെ അമ്മയും കൂടിയാണ് നടി സുബ്ബലക്ഷ്മി.
വൈകിട്ടോടെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിൽ ശ്രദ്ധ നേടിയ അമ്മൂമ്മവേഷങ്ങളെയും അമ്മവേഷങ്ങളെയും അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്.
കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.
കല്യാണരാമൻ (2002), പാണ്ടിപ്പട (2005), നന്ദനം (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു .
സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത നൃത്ത അധ്യാപികയായിരുന്നു.
1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസർ എന്ന നിലയിൽ അവർ ശ്രദ്ധേയയാണ്.
നിരവധി സംഗീതകച്ചേരികൾ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.
നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്.