ചെന്നൈ: ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ മന്ത്രിമാർക്കും എംഎൽഎമാർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർദേശം നൽകി.
ബുധനാഴ്ച തലസ്ഥാന നഗരിയിലുടനീളം കനത്ത മഴ പെയ്യുന്നതിനാൽ സുരക്ഷിതമായി വീടുകളിലേക്ക് പോകാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ആളുകളോട് നിർദ്ദേശിച്ചു .
നഗരപ്രാന്തങ്ങളിൽ കനത്ത മഴയെ തുടർന്ന് താംബരം, ക്രോംപേട്ട്, പല്ലാവരം, പമ്മൽ, പീർക്കൻകരനൈ, സെമ്പാക്കം എന്നിവിടങ്ങളിൽ ബുധനാഴ്ച തെരുവുകളിൽ വെള്ളം കയറി .
ഇന്ന് രാത്രി 10.00 വരെ ശക്തമായ മഴ തുടരുമെന്നാണ് ഐഎംഡിയുടെ പ്രവചനം .
തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ സജീവമായതോടെ ബുധനാഴ്ച പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചതിനാൽ ചെന്നൈ , തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം ജില്ലകളിൽ ആർഎംസി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു .
ബുധനാഴ്ച വൈകിട്ട് ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ അമ്പത്തൂരിലും (54.3 മില്ലിമീറ്റർ), കൊളത്തൂരിലുമാണ് (62.4 മില്ലിമീറ്റർ) വൈകിട്ട് 6 മുതൽ 7 വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് .
ബുധനാഴ്ച പെയ്ത മഴയെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചു .
നീരൊഴുക്ക് 1098 ഘനയടിയായി ഉയർന്നതോടെ ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് അധികജലം തുറന്നുവിടുന്നത് 2429 ഘനയടിയായി ഉയർത്തി. അഡയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.