ബംഗളൂരു: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ അഭിഭാഷകന് പോലീസ് മര്‍ദനമേറ്റതായി പരാതി.
ചിക്കമംഗളൂരുവിലെ അഭിഭാഷകനായ പ്രീതമിനാണ് മര്‍ദനമേറ്റത്.
സാരമായി പരിക്കേറ്റ പ്രീതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ഒരഭിഭാഷകന് പോലീസില്‍ നിന്ന് ഇത്ര ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു.
ചിക്കമഗളൂരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. മഹേഷ് പൂജാരി ഉള്‍പ്പെടെ ആറ് പോലീസുകാരുടെ പേരില്‍ പോലീസ് കേസെടുത്തു.
ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി വിക്രം ആംതെ പറഞ്ഞു.
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാൻ ഡിവൈ.എസ്.പി.യോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ചിക്കമംഗളൂരു മാര്‍ക്കറ്റ് റോഡിലൂടെ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച പ്രീതമിനെ പോലീസ് തടഞ്ഞുനിര്‍ത്തുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു.
ഇതിനെ പ്രീതം ചോദ്യം ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
ചോദ്യംചെയ്യുന്നത് പോലീസ് വീഡിയോയില്‍ പകര്‍ത്തി. പിന്നീട് പ്രീതമിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും സ്റ്റേഷനിലെ കംപ്യൂട്ടര്‍ മുറിയിലിട്ട് മര്‍ദിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് പരാതിയിൽ പറയുന്നു.