ബെംഗളൂരു: നാലുവർഷമായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കുകയാണെന്നും ജനുവരി മുതൽ സ്കൂൾ വിദ്യാർഥിനികൾക്ക് നാപ്കിൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ബെൽഗാമിലെ സുവർണവിധാൻ സൗധയിൽ വിധാൻ പരിഷത്ത് ചോദ്യോത്തര വേളയിൽ ജെഡിഎസ് അംഗം തിപ്പേസ്വാമിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ശുചിത്വം ഒരു പ്രധാന പദ്ധതിയാണ്. പെൺകുട്ടികൾക്ക് ഇത് അനിവാര്യമാണ്, എന്നാൽ കഴിഞ്ഞ നാല് വർഷമായി പദ്ധതി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു.
ഞങ്ങളുടെ സർക്കാർ വന്നതിന് ശേഷം ഞങ്ങൾ ശുചി യോജന പുനരാരംഭിക്കുന്നു.
ഇതിനോടകം തന്നെ നാല് സെക്ഷനുകളിലേക്ക് ടെൻഡർ ക്ഷണിക്കുകയും മിക്ക നടപടികളും പൂർത്തീകരിക്കുകയും ചെയ്തു.
10 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 19 ലക്ഷം പെൺകുട്ടികൾക്ക് നാപ്കിൻ വിതരണം ചെയ്യാനാണ് പദ്ധതി.
സർക്കാർ സ്കൂൾ, ഹോസ്റ്റൽ കുട്ടികൾക്കും നാപ്കിനുകൾ വിതരണം ചെയ്യും.
നേരത്തെ സർക്കാർ ആശുപത്രികൾ വഴിയാണ് നാപ്കിനുകൾ വിതരണം ചെയ്തിരുന്നത്.
ഇത്തവണ നേരിട്ട് സ്കൂളിലെത്തി വിദ്യാർഥിനികൾക്ക് നാപ്കിൻ വിതരണം ചെയ്യാൻ ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.