ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് സ്‌പീക്കര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് നിരവധി നേതാക്കളുടെ ചിത്രം നിയമസഭയില്‍ അനാച്ഛാദനം ചെയ്‌തിരുന്നു.
ഇതിനൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്.
സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യണമെന്നാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
2022ലാണ് ബിജെപി സര്‍ക്കാര്‍ ചിത്രം നിയമസഭയില്‍ ഉള്‍പ്പെടുത്തിയത്.
അന്ന് തങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു.
പ്രതിപക്ഷമായ തങ്ങളുടെ അഭിപ്രായം തേടാതെയായിരുന്നു ചിത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള നടപടിയെന്നും അതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ചിത്രം നിയമസഭ ചേംമ്പറില്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് സ്‌പീക്കര്‍ യുടി ഖാദര്‍ പറഞ്ഞു.
സ്വാമി വിവേകാനന്ദൻ, സുബാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്‌കർ, മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, സവർക്കർ എന്നിവരുടെ ഛായ ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം ബിജെപി മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേംമ്പറില്‍ സ്ഥാപിച്ചത്.