കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങിയാതായി റിപ്പോർട്ട്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്.
ചുരം ഒന്‍പതാം വളവിന് താഴെ കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു.
കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
നിലവില്‍ കടുവ കാടുകയറിയെന്ന നിഗമനത്തിലാണ് അധികൃതര്‍. അതേസമയം, കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്കി.
വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് നിഗമനം.
കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
രാത്രിയില്‍ ഉള്‍പ്പെെട ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമായതിനാല്‍ തന്നെ യാത്രക്കാര്‍ക്കും സംഭവമറിഞ്ഞവര്‍ക്കും കൗതുകമായി.