ബെംഗളൂരു : കലബുറഗിയിലെ അപ്പാർട്ട്മെന്റിന് സമീപം അഭിഭാഷകനെ അജ്ഞാതർ വെട്ടിക്കൊന്നു.
ഹിരണ്ണ ഗൗഡ (40) അഭിഭാഷകനാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ അപ്പാർട്ട്മെന്റിൽനിന്ന് കോടതിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
കോടതിയിലേക്ക് ബൈക്കിൽ പോവുകാൻ ഇറങ്ങിയ അഭിഭാഷകനെ അക്രമികൾ അക്രമിച്ചതോടെ അത് ഉപേക്ഷിച്ച് അഭിഭാഷകൻ ഓടി.
എന്നാൽ ഒന്നര കിലോമീറ്ററിലധികം പിന്തുടർന്ന് കൊലയാളികൾ പിടികൂടി വെട്ടിക്കൊന്നു. സംഭവശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കൊലയാളികൾ വടിവാളുമായി അഭിഭാഷകനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ഹിരണ്ണയുടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ലൈസൻസുള്ള തോക്ക് ഹിരണ്ണയുടെ പക്കൽ ഉണ്ടായിരുന്നെങ്കിലും സ്വയം പ്രതിരോധിക്കാൻ തോക്ക് പുറത്തെടുക്കുന്നതിന് മുമ്പ് അദ്ദേഹം ആക്രമിക്കപ്പെട്ടു.
സ്ഥലതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
കലബുറഗി പോലീസ് കമ്മിഷണർ ആർ. ചേതൻ സംഭവസ്ഥലം സന്ദർശിച്ചു.
പ്രതികളെ പിടികൂടാൻ രണ്ടുസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.