ബെംഗളൂരു: റായ്ച്ചൂർ ജില്ലയിലെ സിന്ധനൂർ താലൂക്കിലെ പഗഡിദിന്നി ഗ്രാമത്തിൽ മിനി ട്രക്കും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു .
ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇസ്മായിൽ (25), ചന്നബസവ (26), അംബരീഷ് (20), രവി (21) എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരിൽ മിനി ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ച് പേർ സിന്ധനൂരിൽ നിന്ന് മദ്ലാപൂർ ഗ്രാമത്തിലേക്ക് ഒരു വിവാഹത്തിന് അലങ്കാരപ്പണികൾക്കായി പോവുകയായിരുന്നു.
ടാറ്റ എയ്സ് വാഹനം പഗഡിഡിന്നി ഗ്രാമത്തിൽ എത്തിയപ്പോൾ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെ തുടർന്ന് നാട്ടുകാർ പരിക്കേറ്റവരെ സിന്ധനൂർ ആശുപത്രിയിലേക്ക് മാറ്റി.
ട്രക്ക് ഡ്രൈവർ ഒളിവിലാണ്. ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിന്ധനൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.