കഴിഞ്ഞദിവസം രാത്രിയിലാണ് ചുരംറോഡില്‍ കടുവയെ കണ്ടെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് സംഘവും കടുവയെ കണ്ടിരുന്നു.
പൊലീസുകാര്‍ പകര്‍ത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏകദേശം അഞ്ചരവയസ് തോന്നിക്കുന്ന കടുവയാണ് ലോറി ഡ്രൈവര്‍ കണ്ടത്.
അങ്ങനെയെങ്കില്‍ കടുവ കൂടുതല്‍ ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചുരം റോഡിന്റെ രണ്ടുഭാഗത്തുമായാണ് ക്യാമറകള്‍ വെച്ചത്. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയില്‍ നിരീക്ഷണം നടത്തും.
ചുരത്തിലൂടെയുള്ള രാത്രി യാത്ര ജാഗ്രതയോടെയായിരിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷണം നടത്തി കടുവയുടെ നീക്കം മനസിലാക്കും. റോഡിലേക്ക് സ്ഥിരമായി എത്തുന്നുണ്ടോ എന്നതും ശ്രദ്ധിക്കും.
വൈത്തിരിയിലും ലക്കിടിയോടു ചേര്‍ന്നുള്ള വനമേഖലയിലും നേരത്തേ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.
രാത്രിയില്‍ പ്രത്യേകിച്ച് ഏറെ വൈകി ചുരം പാതയിലൂടെ പോകുന്നവര്‍ ഈ ഭാഗങ്ങളില്‍ വാഹനത്തില്‍ നിന്നിറങ്ങി നില്‍ക്കരുതെന്നാണ് വനംവകുപ്പ് ഇപ്പോൾ മുന്നറിയിപ്പ് നല്‍കുന്നത്