പട്ന: വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് ഇരുപത്തിനാലുകാരി. സരിതാ കുമാരി എന്ന യുവതിയാണ് ധർമേന്ദ്ര കുമാറിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതാ കുമാരിയെ വിവാഹം കഴിയാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധർമേന്ദ്ര കുമാറും സരിതാ കുമാരിയും അയൽക്കാരായിരുന്നു. ഇവർ അഞ്ച് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് രഞ്ജൻ കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ധർമേന്ദ്ര കുമാറിനെ യുവതി കാണാനായി വീട്ടിലേക്ക് വിളിച്ചു. കൂടിക്കാഴ്ചക്ക് ശേഷം ഇയാൾ മടങ്ങുന്നതിനിടെയാണ് യുവതിയും മറ്റൊരാളും ചേർന്ന് ആസിഡൊഴിച്ചത്. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
വിവാഹത്തിൽനിന്ന് പിൻമാറിയതാണ് യുവാവിനെ ആക്രമിക്കാൻ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്നാണ് യുവാവിന്റെ മുഖം താൻ ആസിഡൊഴിച്ച് വികൃതമാക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.