ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വണ്ടലൂരിന് അടുത്ത ക്ലാമ്പാക്കത്ത് പുതിയ സബർബൻ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി.
ഏകദേശം 88 ഏക്കർ സ്ഥലത്തായി 2019 ഫെബ്രുവരിയിൽ ആരംഭിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണ ചെലവ് 397.15 കോടി രൂപയാണ് .
2,000 ബസുകളും 270 കാറുകളും 3500 ഇരുചക്രവാഹനങ്ങളും വരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് നിർമാണം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ബസുകളും ഇവിടെ നിന്ന് സർവീസ് നടത്താനാണ് പദ്ധതി.
ഇപ്പോൾ ആദ്യഘട്ടത്തിൽ ഇന്നലെ വണ്ടല്ലൂർ പാർക്കിൽ നിന്ന് ട്രയൽ റൺ നടത്തിയ 100 സർക്കാർ ബസുകൾ ക്ലാമ്പാക്കം ബസ് സ്റ്റാൻഡിലേക്ക് കയറി ഊർപ്പാക്കം വഴി പുറത്തേക്ക് വിട്ടു.
ഇതനുസരിച്ച് ചെന്നൈയിൽ നിന്ന് വരുന്ന സർക്കാർ, സ്വകാര്യ ബസുകൾ ക്ലാമ്പാക്കം ബസ് സ്റ്റേഷനിൽ പ്രവേശിച്ച് വീണ്ടും ബസ് സ്റ്റേഷന്റെ പിൻവശത്തെ ഗേറ്റിലൂടെ പുറത്തിറങ്ങി ഊർപാക്കത്തിന് സമീപമുള്ള ജിഎസ്ടി റോഡിലെത്തും.
അതുപോലെ തെക്ക്, വടക്ക് ജില്ലകളിൽ നിന്ന് വരുന്ന ബസുകൾ വണ്ടല്ലൂർ പാർക്കിന് സമീപമുള്ള മേൽപ്പാലത്തിനടിയിലൂടെ ബസ് സ്റ്റാൻഡിൽ എത്തുന്നതിനുള്ള ട്രയൽ റണ്ണും നടത്തി. വെള്ളി, ശനി വൈകുന്നേരങ്ങളിൽ വീണ്ടും പരീക്ഷണ ഓട്ടം നടത്താനാണ് ആലോചിക്കുന്നത്
ക്ലാമ്പാക്കം ബസ് സ്റ്റേഷന്റെ പണി അവസാന ഘട്ടത്തിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെയും പാർക്കിന്റെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
അതേസമയം ക്ലാമ്പാക്കം സബർബൻ ബസ് സ്റ്റാൻഡ് വരുന്ന പൊങ്കൽ ഉത്സവത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, ബസ് സ്റ്റാൻഡിനു മുന്നിലെ മഴവെള്ളം ഒഴുക്കിവിടുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിവിധ പ്രവൃത്തികൾ ഇപ്പോഴും സാധ്യമായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.