ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള ഹോസ്‌കോട്ട് താലൂക്കിലെ തിരുമലഷെട്ടിഹള്ളിയിൽ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനെ തുടർന്ന് എസ്പിജി ആശുപത്രിയും ഡയഗ്നോസ്റ്റിക് സെന്ററും സീൽ ചെയ്യുകയും ഏഴ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിൽ നടത്തിയ റെയ്ഡിലാണ് അനധികൃതമായി പെൺഭ്രൂണഹത്യ നടത്തിയതായി കണ്ടെത്തിയത്.
മണ്ഡ്യയിലും മൈസൂരുവിലും പെൺഭ്രൂണഹത്യ റാക്കറ്റ് പിടിയിലായതിനെ തുടർന്ന്, നിയമവിരുദ്ധ പ്രവർത്തനം തടയാൻ ആശുപത്രികളിലും ഡയഗ്നോസ്റ്റിക് സെന്ററുകളിലും നിരീക്ഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു.
ഹൊസ്‌കോട്ട് താലൂക്ക് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച എസ്‌പിജി ആശുപത്രിയിലും ഡയഗ്‌നോസ്റ്റിക് സെന്ററിലും എത്തി നിരവധി രേഖകൾ കൊണ്ടുപോയിരുന്നു. പരിശോധനയ്ക്കിടെ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർ ബുധനാഴ്ച വീണ്ടും കേന്ദ്രം സന്ദർശിച്ചു .
റെയ്ഡിനിടെ, ഓപ്പറേഷൻ തിയറ്ററിൽ ഒരു സ്ത്രീ കിടക്കുന്നതും അവരുടെ അഞ്ച് മാസത്തെ ഭ്രൂണത്തെ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഉടൻ തന്നെ ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയും ഏഴ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത്തരത്തിൽ എത്ര അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയെന്നറിയാൻ ആശുപത്രി ജീവനക്കാരെ ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യും. പ്രാഥമിക റിപ്പോർട്ടിന് ശേഷം ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും .