ബെംഗളൂരു : ബൊമ്മസാന്ദ്ര മുതലുള്ള ഹൊസൂർ റോഡ് ഭാഗത്തു താമസിക്കുന്നവരുടെ ചിരകാല അഭിലാഷമായ നമ്മ മെട്രോ യെല്ലോ ലൈനിൻ്റെ ഉൽഘാടനം ഇനിയും വൈകുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.
2024 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു ഇതുവരെ ഔദ്യോഗികമായി ലഭിച്ചിരുന്ന വിവരം, എന്നാൽ അത് ഏപ്രിൽ ,മെയ് വരേക്കും വൈകാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
ബൊമ്മസാന്ദ്ര മുതൽ ഇലക്ട്രോണിക് സിറ്റി സിൽക്ക് ബോർഡ് വഴി ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ സ്റ്റേഷനിൽ ചെന്ന് ചേരുന്ന 19.15 കിലോമീറ്റർ യെല്ലോ ലൈനിൻ്റെ 97 ശതമാനം സിവിൽ നിർമാണ പ്രവൃത്തികളും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
ആദ്യ ആറ് കമ്പാർട്ട്മെൻ്റ് പ്രോട്ടോ ടൈപ്പ് മെട്രോ ട്രെയിൻ ഈ ആഴ്ച ചൈനയിൽ നിന്ന് നഗരത്തിലെത്തും, തുടർന്ന് മൂന്ന് മാസത്തോളം പരീക്ഷണ ഓട്ടം നടത്തേണ്ടതുണ്ട്, അതിന് ശേഷം മാത്രമേ സാധാരണ യാത്രക്കാർക്കായി സർവ്വീസ് തുടർന്നു കൊടുക്കുകയുള്ളൂ, ലോക്സഭാ തെരഞ്ഞെടുപ്പ് കാരണം ഏപ്രിലിലോ മെയിലോ സർവീസ് ആരംഭിക്കാൻ കഴിയുകയുള്ളൂ എന്ന് ബി.എം.ആർ.സി.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
2 വർഷം മുൻപ് പൂർത്തിയാക്കേണ്ടി ഇരുന്ന ലൈൻ കോവിഡ് അടക്കമുള്ള പ്രതിസന്ധിയെ തുടന്നാണ് ഇത്രയും വൈകിയത്.