ബെംഗളൂരു: സൈബർ തട്ടിപ്പിൽ പെട്ട മലയാളി ഐ.ടി. ജീവനക്കാരന്റെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഈ മാസം മൂന്നിനാണ് സംഭവം.
പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനിയിൽനിന്നും സൈബർ ക്രൈം പോലീസിൽ നിന്നുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളാണ് കബളിപ്പിച്ചത്.
യുവാവിന്റെപേരിൽ പാഴ്സൽ വന്നിട്ടുണ്ടെന്നും ഇതിൽ 140 ഗ്രാം എം.ഡി.എം.എ.യുണ്ടെന്നും പറഞ്ഞാണ് ഫോൺകോൾ വന്നത്.
യുവാവിന്റെ ആധാർ നമ്പറുൾപ്പെടെ എല്ലാ വിവരങ്ങളും അവരുടെ പക്കലുണ്ടായിരുന്നു.
അഞ്ച് വ്യാജ പാസ്പോർട്ടും ഒരു ജോഡി ഷൂ, ലാപ്ടോപ്പ് എന്നിവയും പാഴ്സലിലുണ്ടെന്നും ഷൂവിനുള്ളിലാണ് എം.ഡി.എം.എ.യുള്ളതെന്നുമാണ് പറഞ്ഞത്.
പാഴ്സലുമായി ബന്ധമില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ ആധാർ ദുരുപയോഗം ചെയ്തതായിരിക്കാമെന്ന് അവർ പറഞ്ഞു.
തുടർന്ന് മുംബൈ സൈബർ ക്രൈമിന് ഫോൺകോൾ ഫോർവേഡ് ചെയ്യുകയാണെന്ന് അറിയിച്ചു.
പിന്നീട് ഇൻസ്പെക്ടറെന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചത്.
ആധാർ ദുരുപയോഗം ചെയ്യപ്പെട്ടെന്നും കൂടുതൽ അന്വേഷണത്തിനായി മുംബൈയിൽ വരികയോ അല്ലെങ്കിൽ ഓൺലൈനായി സഹകരിക്കുകയോ വേണമെന്ന് പറഞ്ഞു.
തുടർന്ന് ഓൺലൈനായി ചോദ്യംചെയ്യൽ തുടങ്ങി. യുവാവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ പലതവണ പത്തുലക്ഷത്തിലധികം രൂപയുടെ അനധികൃത കൂറിയർ ഇടപാടുകൾ നടന്നതായി അവർ പറഞ്ഞു.
തുടർന്ന് ഐ.പി. ചെക്ക് ചെയ്യാൻ പണം അയക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടുതവണകളിലായി അഞ്ചുലക്ഷം രൂപ അയച്ചുകൊടുത്തു.
പിന്നീട് ഇവരുമായി ബന്ധപ്പെടാൻ നോക്കിയിട്ട് സാധിച്ചില്ല. പറ്റിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ബെംഗളൂരു സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.