ബെംഗളൂരു : വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളിൽ ചെറു വാണിജ്യകേന്ദ്രങ്ങളൊരുക്കാൻ വിപുലമായ പദ്ധതി.
നിലവിൽ വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കാത്ത മെട്രോ സ്റ്റേഷനുകളിൽകൂടി വാണിജ്യസ്ഥാപനങ്ങൾക്ക് സ്ഥലമൊരുക്കാനുള്ള പദ്ധതിയാണ് മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കുന്നത്.
ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് മുഴുവൻ പിന്തുണയും നൽകുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനമുണ്ടാകുന്നതിനുമുമ്പ് എം.ജി. റോഡ് ഉൾപ്പെടെയുള്ള ഏതാനും സ്റ്റേഷനുകളിൽ ചില കമ്പനികളുടെ കിയോസ്കുകൾ പ്രവർത്തിച്ചിരുന്നു.
എന്നാൽ, കോവിഡിനെത്തുടർന്ന് മെട്രോ സർവീസ് നിർത്തിയതോടെ ഇവയുടെ പ്രവർത്തനവും നിലച്ചു.
പിന്നീട് മെട്രോ സർവീസ് സാധാരണനിലയിലായെങ്കിലും വാണിജ്യസ്ഥാപനങ്ങൾ തിരിച്ചെത്തിയില്ല.
വാണിജ്യസ്ഥാപനങ്ങളെ എത്തിക്കുന്നതിന് പുറമേ മെട്രോ ട്രെയിനുകളിലും തീവണ്ടികളിലും പരസ്യം നൽകുന്നത് കൂടുതൽ ജനകീയമാക്കാനും പദ്ധതിയുണ്ട്.