ബെംഗളൂരു: മകൻ ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പേരിൽ ബെലഗാവിയിൽ അമ്മയ്ക്ക് നേരെ ഉണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് സമാനമായി സംസ്ഥാനത്ത് വീണ്ടും അതിക്രമം.
പ്രണയത്തിലായിരുന്ന യുവതിയുമായി മകൻ ഒളിച്ചോടിയതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്‌തു.
ചിക്കബെല്ലാപുർ ജില്ലയിലെ ഗുഡിബണ്ടെ താലൂക്കിലെ ദബർതി ഗ്രാമത്തിലാണ് സംഭവം നടന്നത്.
മകൻ ഒരു യുവതിയെ പ്രണയിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതനായതിനെ തുടർന്ന് പ്രകോപിതരായാണ് യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തി മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചത്.
യുവാവും യുവതിയും ഡിസംബർ 16 ഞായറാഴ്‌ച ഇരുവരുടെയും വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചു.
തിങ്കളാഴ്‌ചയാണ് യുവതിയുടെ വീട്ടുകാർ ഈ വിവാഹ വാർത്ത അറിഞ്ഞത്.
ഇതോടെ പ്രകോപിതരായ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിക്കുകയുമായിരുന്നു.
യുവാവിന്‍റെ അമ്മയും അച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇരുവരും ഗുഡിബണ്ടെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
യുവാവിനെയും യുവതിയെയും ഒളിച്ചോടി വിവാഹം കഴിക്കാൻ മാതാപിതാക്കൾ പിന്തുണച്ചതിന്‍റെ ദേഷ്യത്തിലാണ് യുവതിയുടെ വീട്ടുകാർ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഗുഡിബണ്ടെ പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി കേസ് എടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.