ബെംഗളൂരു: അശ്വത് നഗറിൽ ഗ്യാസ് ഗെയ്സർ ചോർച്ചയെ തുടർന്ന് ഗർഭിണി മരിച്ചു.രമ്യ എന്ന യുവതിയാണ് മരിച്ചത്.
ഇവരുടെ രമ്യയുടെ നാലുവയസ്സുള്ള കുട്ടി എം.എസ്.രാമയ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ രമ്യ തന്റെ നാല് വയസ്സുള്ള കുട്ടിയുമായി കുളിക്കാൻ പോയപ്പോഴാണ് ഗ്യാസ് ഗെയ്‌സറിൽ നിന്ന് കാർബൺ മോണോക്‌സൈഡ് വിഷവാതകം ചോർന്നത്.
വിഷവാതകം ശ്വസിച്ച് അമ്മയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു.
കുറച്ചു സമയത്തിന് ശേഷവും ഇവരെ പുറത്ത് കാണാതെ വന്നതോടെ സംശയം തോന്നിയ ഭർത്താവ് ചെന്നപ്പോഴാണ് അവർ കുഴഞ്ഞു വീണതറിഞ്ഞത്.
ഉടൻ നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ രമ്യയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ 10 മണിയോടെയാണ് ദുരന്തമുണ്ടായത്.