ചെന്നൈ : ഡി.എം.കെ. എം.പി. ദയാനിധി മാരന്റെ ഹിന്ദിവിരുദ്ധ പരാമർശം ഇന്ത്യ സഖ്യത്തിനെതിരേ ആയുധമാക്കാൻ ബി.ജെ.പി.യുടെ ശ്രമം.
ഹിന്ദി പഠിച്ചുവന്നവർ തമിഴ്‌നാട്ടിൽ കക്കൂസ് കഴുകുന്ന ജോലിയാണ് ചെയ്യുന്നതെന്നായിരുന്നു എം.പി.യുടെ പരാമർശം.
ഒരു പൊതുസമ്മേളനത്തിൽ ദയാനിധി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ഉത്തരേന്ത്യയിലെ ബി.ജെ.പി. പ്രവർത്തകർ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുന്നത്.
‘ഇംഗ്ലീഷ് നന്നായി പഠിച്ചു വന്നവർക്ക് ഐ.ടി. കമ്പനികളിൽ നല്ല ജോലി കിട്ടുന്നുണ്ട്.
എന്നാൽ, ഹിന്ദിമാത്രം പഠിച്ച് യു.പി.യിൽനിന്നും ബിഹാറിൽനിന്നും വന്നവർ ഇവിടെ കെട്ടിടം പണിയും കക്കൂസ് കഴുകുന്ന പണിയും ചെയ്യുകയാണ്’ എന്നാണ് അതിൽ ഉദയനിധി പറയുന്നത്.
ഹിന്ദി സംസാരിക്കുന്നവർക്കുനേരെ ഡി.എം.കെ. നേതാവ് നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണം അറിയിക്കണമെന്ന്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെട്ടു.
സനാതനധർമത്തെ ഉൻമൂലനം ചെയ്യണമെന്ന ഡി.എം.കെ. യുവനേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെയും ഇന്ത്യ സഖ്യത്തിനെതിരേ ബി.ജെ.പി. ആയുധമാക്കിയിരുന്നു.