കോയമ്പത്തൂർ: കർണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
രാവിലെ 10.15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് .
കോയമ്പത്തൂരിൽനിന്ന് ബെംഗളൂരവിലേക്ക് ആറുമണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സർവീസാണ് ഈ റൂട്ടിൽ ആരംഭിക്കുന്നത്.
ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന സർവീസാണ് പുതിയെ സെമി ഹൈസ്പീഡ് ട്രെയിൻ.
ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ തുടങ്ങിയവയിൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.38ന് ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തുന്ന തരത്തിലാണ് സർവീസ്.
കേന്ദ്രം തമിഴ്നാടിന് നൽകുന്ന പരിഗണനയാണ് വന്ദേ ഭാരത് ട്രെയിൻ സർവീസെന്ന് കേന്ദ്ര മന്ത്രി എൽ മുരുകൻ പറഞ്ഞു.
കോയമ്പത്തൂരിനും പൊള്ളാച്ചിയ്ക്കുമിടയിൽ സർവീസ് നടത്തുന്ന അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേ ഭാരത് പാലക്കാടുകാർക്കും മറ്റു മലയാളികൾക്കും പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
നിലവിൽ പാലക്കാട് നിന്ന് കോയമ്പത്തൂരേക്ക് കണക്ഷൻ ട്രെയിനുകളുണ്ട്. ഇവ ഉപയോഗിച്ച് കോയമ്പത്തൂരെത്തിയാൽ അതിവേഗത്തിൽ ബെംഗളൂരുവിൽ എത്താൻ കഴിയും.
മാത്രമല്ല ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ഭാവിയിൽ പാലക്കാടേക്ക് നീട്ടാനും സാധ്യതയുണ്ട്.
ഈ വർഷം അവസാനം തന്നെ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിരുന്നില്ല.
ഇന്ന് തന്നെ മംഗളൂരു മഡ്ഗാവ് വന്ദേ ഭാരതും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ആറ് സെമി ഹൈസ്പീഡ് ട്രെയിനുകൾ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.