ചെന്നൈ : പേമാരിയെത്തുടർന്ന് എന്നൂർ മേഖലയിൽ വ്യാപിച്ച എണ്ണമാലിന്യംമൂലമുള്ള ദുരിതങ്ങൾ അവസാനിക്കുന്നില്ല.
പ്രദേശവാസികൾ ഇപ്പോഴുമേറെ പ്രയാസങ്ങൾ നേരിടുകയാണ്. മനുഷ്യർക്കു മാത്രമല്ല, സമുദ്ര വിഭവങ്ങൾക്കും എണ്ണ മാലിന്യം ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകരും അഭിപ്രായപ്പെട്ടു.
കടലിൽ മീനുകൾ ഇപ്പോഴും ചത്തു പൊങ്ങുന്നു. പല വീടുകൾക്കു സമീപവും എണ്ണപ്പാളികൾ തുടരുന്നു.
എന്നൂർ മുതൽ പാഴവേർക്കാട് വരെയാണ് എണ്ണ മാലിന്യം പടർന്നിരിക്കുന്നത്. മീൻപിടിത്തക്കാരുടെ ഉപജീവനം ഇപ്പോഴും വഴിമുട്ടിയ അവസ്ഥയിലാണ്.
കടലിൽ ഇറങ്ങാൻ പറ്റുന്നില്ല.
ദേശീയ ഹരിതട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുകയാണ്.
എണ്ണക്കമ്പനിയായ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷെ എത്ര പേർക്ക് അതു ലഭിക്കുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
2017-ൽ എന്നൂർ തുറമുഖത്ത് കപ്പലുകൾ കൂട്ടിയിടിച്ച് കടലിൽ എണ്ണ പരന്നിരുന്നു. ഏറെ ദിവസമെടുത്താണ് ഇതു നീക്കം ചെയ്തത്.
ഇത്രയും വലിയദുരന്തം വർഷങ്ങൾക്കു മുമ്പുണ്ടായിട്ടും എണ്ണമാലിന്യംപോലുള്ളവ പ്രതിരോധിക്കാൻ സാങ്കേതിക യന്ത്രങ്ങൾ ഇന്നും ഇവിടെ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ദുരന്തം ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.