ചെന്നൈ : പുതിയ എയർപോർട്ട് ടെർമിനൽ ഉൾപ്പെടെ 19,850 കോടി രൂപയുടെ പുതിയ പദ്ധതികളുടെ ഉദ്ഘാടനത്തിലും ഭാരതിദാസൻ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിയിലെത്തി.
തമിഴ്നാട് ഗവർണർ ആർ എൻ രവിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
പിന്നീട് വിമാനത്താവളത്തിൽ നിന്ന് കാറിൽ ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിലേക്ക് പ്രധാനമന്ത്രി മോദി യാത്ര തിരിച്ചു. വഴിനീളെ സ്റ്റേജുകൾ ഒരുക്കുകയും ഭരതനാട്യം ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചുമാണ് പ്രധാനമന്ത്രി മോദിയെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.
റോഡിൽ തടിച്ചുകൂടിയ ബിജെപി അംഗങ്ങൾ പ്രധാനമന്ത്രിയുടെ കാറിൽ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിലെത്തിയ മോദി അവിടെയുള്ള ഭാരതിദാസൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ട്രിച്ചി ഭാരതിദാസൻ സർവകലാശാല ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 30 വിദ്യാർഥികളെ അദ്ദേഹം ബിരുദം നൽകി ആദരിച്ചു.