ചെന്നൈ : പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകൾ നേരത്തേ അറിയിച്ച തീയതിപ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി അൻപിൽ മഹേഷ് അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്, വേതനവർധന ആവശ്യപ്പെട്ട് അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച പണിമുടക്ക് എന്നിവമൂലം പൊതുപരീക്ഷകൾ മാറ്റിവെച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ഫെബ്രുവരി 26-നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ് ടു പരീക്ഷ മാർച്ച് ഒന്നുമുതൽ 22 വരെയാണ് നടക്കുക.
എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 26 മുതൽ ഏപ്രിൽ എട്ടുവരെയാണ് നടക്കുക. ഇതിനിടയിലാണ് പൊതുപരീക്ഷകൾ മാറ്റിവെച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചത്.
തുടർന്ന് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിലൂടെ പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകൾ മാറ്റിവെക്കില്ലെന്ന് അറിയിച്ചത്.
സംസ്ഥാനങ്ങളിലെ പരീക്ഷാതീയതി പരിശോധിച്ചശേഷമേ കമ്മിഷൻ പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂവെന്ന് മന്ത്രി പറഞ്ഞു.
പണിമുടക്ക് പ്രഖ്യാപിച്ച അധ്യാപക – സർക്കാർ ജീവനക്കാർ സംഘടനകളുടെ പ്രതിനിധികളുമായി ചർച്ചടത്തുമെന്നും മന്ത്രി പറഞ്ഞു. മേയ് പത്തിന് ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശമ്പളപരിഷ്കരണം നടപ്പാക്കുക, പഴയ പെൻഷൻപദ്ധതി നിലവിൽ കൊണ്ടുവരുക, അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പകരം സ്ഥിരനിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.