ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച ‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു.
സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്.
ഡിസംബർ ഒന്നിന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 29 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ചെയ്യാൻ ആരംഭിച്ചത്.
ചിത്രം ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈ പോലീസ് കേസെടുത്തിരുന്നു.
ജനുവരി 8 ന് നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തത്.