ബെംഗളൂരു: ഹാവേരിയിൽ യുവതിയെയും സുഹൃത്തിനെയും സദാചാര പൊലീസിങ് നടത്തി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മൊഴി.
ഹോട്ടൽമുറിയിൽവെച്ച് മർദിച്ചശേഷം തന്നെ വിജനമായ മൂന്നു സ്ഥലങ്ങളിൽ കൊണ്ടുപോയി ഏഴുപേർ കൂട്ട മാനഭംഗത്തിനിരയാക്കിയതായും ശേഷം മൂന്നുപേർ തന്നെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്നും അവർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചു.
പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഹംഗലിലെ ഒരു ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഉത്തര കന്നടയിലെ സിർസി സ്വദേശിയാണ് യുവതി.
ബുർഖ ധരിച്ച് യുവതി ഇതരമതസ്ഥനൊപ്പം ഹംഗലിലെ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതു കണ്ട ആക്രമികൾ ഇവരെ പിന്തുടരുകയായിരുന്നു.
പ്രതികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹോട്ടലിൽവെച്ച് ഇരുവരെയും മർദിക്കുന്നതിന്റെയും കാറിൽവെച്ച് യുവതിയെ മർദിക്കുന്നതിന്റെയും ദൃശ്യങ്ങളാണിവ.
ഇതേ തുടർന്ന് കേസെടുത്ത ഹംഗൽ പൊലീസ് മർദനമേറ്റ പുരുഷന്റെയും സ്ത്രീയുടെയും മൊഴി രേഖപ്പെടുത്തി.
പ്രതികളിലൊരാൾ പിടിയിലായിട്ടുണ്ട്.
കൂട്ട മാനഭംഗത്തിനിരയായെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാഴാഴ്ച യുവതിയിൽ നിന്ന് വീണ്ടും മൊഴിയെടുത്തതായി ഹംഗൽ പൊലീസ് അറിയിച്ചു.
എന്നാൽ, ബലാത്സംഗം സംബന്ധിച്ച് യുവതി മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വീണ്ടും മൊഴി റെക്കോഡ് ചെയ്യും.