ചെന്നൈ : പൊങ്കൽ ആഘോഷത്തിന് പുറപ്പെടുന്ന എസ്.ഇ.ടി.സി. യുടെ പ്രത്യേക ബസുകൾ താത്കാലികമായി ആറ് ബസ്സ്റ്റാൻഡുകളിൽ നിന്നായി പുറപ്പെട്ടത് യാത്രക്കാരിൽ ആശങ്കയുള്ളവാക്കി.
സ്ഥിരമായി യാത്ര ചെയ്യുന്നവർ നഗരത്തിലെ ഏറ്റവും വലിയ സ്റ്റാൻഡായ കോയമ്പേട് ബസ് സ്റ്റാൻഡിലേക്കാണ് എത്തിയത്. അവിടെനിന്നാണ് മറ്റിടങ്ങളിലേക്കുള്ള ബസുകൾ നേരത്തേ പുറപ്പെട്ടിരുന്നത്.
എന്നാൽ ഇതിൽനിന്നുള്ള മാററം സംബന്ധിച്ച് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ അറിയിപ്പ് വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത് അറിയിപ്പ് എല്ലായാത്രക്കാരിലേക്കും എത്താത്തതാണ് പ്രശ്നമായത്.
ഒരു മാസം മുമ്പ് കോയമ്പേട് സ്റ്റാൻഡിൽനിന്ന് ബുക്ക് ചെയ്തവർക്ക് കൂടി ബസ് സ്റ്റാൻഡുകൾ മാറ്റിയതുമായി ബന്ധപ്പെട്ട വിവരം കൃത്യമായി അറിഞ്ഞിരുന്നില്ല.
കോയമ്പേട് സ്റ്റാൻഡിൽ എത്തിയവർ ഒടുവിൽ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിൽ മറ്റ് സ്റ്റാൻഡുകളിലെത്തി യാത്ര പുറപ്പെട്ടു.
നിലവിൽ വിഴുപുരം, മധുര, കുംഭകോണം, സേലം, കോയമ്പത്തൂർ, എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് തന്നെയാണ് സർവീസ് നടത്തുന്നത്.
തിരുച്ചിറപ്പള്ളി, തഞ്ചാവൂർ,കരൂർ, മധുര,തൂത്തുക്കുടി, തിരുനെൽവേലി, നാഗർകോവിൽ, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കിളാമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന്.
ദിണ്ടിവനം, വിക്രവാണ്ടി വഴി കുംഭകോണം, മൈലാടുതുറൈ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ താംബരം സാനറ്റോറിയം ബസ് സ്റ്റാൻഡിൽ നിന്നും.
ആർക്കാട്, ആറണി, വേലൂർ, ധർമപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ, കാഞ്ചീപുരം, ചെയ്യാർ, തിരുത്തണി വഴി തിരുപ്പതിയിലേക്ക് പോകുന്ന ബസുകൾ പൂനമല്ലി ബസ് സ്റ്റാൻഡിൽ നിന്നുമാണ് വെള്ളിയാഴ്ചപുറപ്പെട്ടത്.
പൊന്നേരി, ഗുമ്മിഡിപൂണ്ടി, ചെങ്കുൺഡ്രം വഴി ആന്ധ്രപ്രദേശിലേക്ക് പോകുന്ന ബസുകൾ മാധാവരം ബസ് സ്റ്റാൻഡിൽ നിന്നും
പുതുച്ചേരി, കടലൂർ, ചിദംബരം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കെ.കെ. നഗർ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പുറപ്പെട്ടത്.
പ്രത്യേക ബസുകളിൽ യാത്ര ചെയ്യുന്നവർക്കുള്ള സംശയങ്ങൾക്ക് 9445014450,9445014436 എന്നീ നമ്പറുകളിൽ വിളിക്കാം.