ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്.
മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്.
സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്.
ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചു.
നോർത്ത് ഗോവയിലെ കൻഡോലിമിൽ സുചന സേത് മകൻ ചിന്മയിക്കൊപ്പം താമസിച്ചിരുന്ന സർവിസ് അപ്പാർട്മെന്റിൽനിന്ന് ഒന്നിലേറെ തെളിവുകൾ പോലീസ് ശേഖരിച്ചിരുന്നു.
കഫ് സിറപ്പിന്റെ ഒഴിഞ്ഞ രണ്ട് കുപ്പികൾ കണ്ടെടുത്തതും റൂമിലെ ടവലിൽ കണ്ടെത്തിയ രക്തക്കറയും കേസിൽ പ്രധാനമാണ്.
യുവതിയുടെ കൈത്തണ്ടയിൽ മുറിവുണ്ട്.
ഇത് ആത്മഹത്യശ്രമമാണോ അതോ അന്വേഷണം വഴിതിരിച്ചുവിടാനുള്ള മാർഗമാണോ എന്ന് തെളിയേണ്ടതുണ്ട്.
വെള്ളിയാഴ്ച പ്രതിയുമായി സർവിസ് അപ്പാർട്മെന്റിലെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
സംഭവത്തിന് ശേഷം അടച്ചിട്ട അപ്പാർട്മെന്റ് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.
പരമാവധി തെളിവുകൾ ശേഖരിച്ച് കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ഗോവ പോലീസിന്റെ ശ്രമം.
അന്വേഷണ സംഘത്തെ പ്രശംസിച്ച ഗോവ ഡി.ജി.പി ജസ്പാൽ സിങ്, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് വ്യക്തമാക്കി.
സുചന സേതിന്റെ ഭർത്താവ് പി.ആർ. വെങ്കടരാമൻ ശനിയാഴ്ച ഗോവയിൽ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി മൊഴി നൽകിയേക്കും.
2010ൽ വിവാഹിതരായ ദമ്പതികൾ രണ്ടു വർഷമായി വേർപിരിഞ്ഞു കഴിയുകയാണ്.
അന്തിമഘട്ടത്തിലുള്ള ഇവരുടെ വിവാഹമോചന കേസിൽ ജനുവരി 29ന് ഹരജി വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് മകന്റെ മരണം.
ഈ കേസിൽ ഏറ്റവുമൊടുവിലെ ഉത്തരവുപ്രകാരം, വെങ്കടരാമന് എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ കുട്ടിയെ കാണാനും കുട്ടിയുമായി വിഡിയോ കാളിൽ സംസാരിക്കാനും കോടതി അനുമതി നൽകിയിരുന്നു.
ഇതാകാം സുചനയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൊലപാതകത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം പെട്ടിയിലാക്കി ടാക്സി കാറിൽ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ ഗോവ അതിർത്തിയിലെ കോർല ചുരത്തിൽ നാലു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപെട്ടിരുന്നു.
പ്രതി ബംഗളൂരുവിൽ തിരിച്ചെത്തുന്നതിന് മുമ്പ് പിടിയിലാകാൻ ഇത് സഹായിച്ചതായും അല്ലാത്തപക്ഷം മൃതദേഹം വീണ്ടെടുക്കുന്നത് പ്രയാസകരമാകുമായിരുന്നെന്നും ഗോവ പൊലീസ് ചൂണ്ടിക്കാട്ടി.
യാത്രക്കിടെ ചിത്രദുർഗ ഹിരിയൂരിലെ അയമംഗലത്തുവെച്ചാണ് സുചന പിടിയിലാകുന്നത്.