ബെംഗളൂരു : സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോയിൽ സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി.
നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്.
ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.
ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്.
പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽ നിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
നിലവിൽ ആറുകോച്ചുകളുള്ള ട്രെയിനുകളിലാണ് സ്ത്രീകൾക്കുവേണ്ടി പ്രത്യേക കോച്ച് സജ്ജീകരിച്ചിരിക്കുന്നത്.
ഈ കോച്ചിൽ വലിയ തിരക്കനുഭവപ്പെടുന്നതിനാൽ സ്ത്രീയാത്രക്കാരിൽ വലിയൊരു വിഭാഗവും സാധാരണകോച്ചുകളിൽ തന്നെയാണ് യാത്രചെയ്യുന്നത്.
ഇത്തരം കോച്ചുകളിൽ സുരക്ഷാജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും നിലവിൽ ഇതു സാധ്യമല്ലെന്ന നിലപാടിലാണ് പുതിയ തീരുമാനം.