ചെന്നൈ: ഭർത്താവിന്റെ വിയോഗ വാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ പ്രിയതമയും മരിച്ചു.
വെല്ലൂർ ജില്ലയിലെ പേരനാംപട്ട് ടൗൺ സെക്കുമേട് മുരുകൻ കോവിൽ സ്ട്രീറ്റിൽ മുത്തു (85) ആണ് മരണപ്പെട്ടത്.
ഭാര്യ രാജമ്മാൾ (75) ആണ് ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ ഞെട്ടലിൽ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച് മുത്തു ഉറങ്ങാൻ പോയി. എന്നാൽ ഉറക്കത്തിൽ മുത്തു മരണപ്പെടുകയായിരുന്നു .
ഇത് കണ്ട് ഞെട്ടിയ രാജമ്മാൾ കരഞ്ഞുകൊണ്ടിരുന്നു. തുടർന്ന് മൃതദേഹത്തിനരികിൽ ഇരുന്ന് കരയുന്നതിനിടെ പെട്ടെന്ന് ഭർത്താവിന്റെ ദേഹത്ത് തളർന്നു വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ എടുത്ത് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവിതത്തിൽ വേർപിരിയാനാകാതെ കഴിഞ്ഞ ദമ്പതികൾ മരണത്തിലും വേർപിരിയാതെ ഒന്നിച്ച് യാത്രയായി.
ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പ്രദേശവാസികളാണ് എത്തിയത്.
ഇന്നലെ വൈകിട്ട് മുത്തുവിന്റേയും ഭാര്യ രാജമ്മാളിന്റെയും മൃതദേഹങ്ങൾ വാഹനത്തിൽ അന്ത്യയാത്രയായി കൊണ്ടുപോയി പേരണംപാട്ട് ആയക്കര റോഡിലെ ശ്മശാനത്തിൽ ഒരേ കുഴിയിൽ ഒന്നിച്ച് സംസ്‌കരിച്ചു.
മരിച്ച ദമ്പതികൾക്ക് ഉമാപതി എന്നൊരു മകനുണ്ട്.