ചെന്നൈ: മൻസൂർ അലി ഖാന്റെ പിഴ അടക്കാൻ 10 ദിവസം കൂടി അനുവദിച്ച് നൽകി മദ്രാസ് ഹൈക്കോടതി.
നടി തൃഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ശക്തമായ എതിർപ്പുമായി തൃഷയും ഖുശ്ബുവും നടൻ ചിരഞ്ജീവിയും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു.
എന്നാൽ, താൻ സംസാരിച്ച മുഴുവൻ വീഡിയോയും കാണാതെ തന്റെ സത്പേരിന് കളങ്കം വരുത്തിയെന്നാരോപിച്ച് നടി തൃഷ, ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഈ ഹർജി പരിഗണിച്ച ജഡ്ജി എൻ.സതീഷ് കുമാർ, കോടതിയുടെ സമയം കളയാനും പരസ്യപ്രചാരണത്തിനും വേണ്ടിയാണ് ഹർജി നൽകിയതെന്നും ഒരു ലക്ഷം രൂപ പിഴയടച്ച് മൻസൂർ അലിഖാന്റെ ഹർജി തള്ളാനും ഉത്തരവിട്ടു.
അതിനുപുറമെ പിഴ രണ്ടാഴ്ചയ്ക്കകം ചെന്നൈയിലെ അഡയാർ കാൻസർ ആശുപത്രിയിൽ അടയ്ക്കണമെന്നും ശേഷം ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഡിസംബർ 22ന് ജഡ്ജി ഉത്തരവിട്ടിരുന്നു.
കേസ് ഇന്ന് ജസ്റ്റിസ് സതീഷ് കുമാറിന് മുമ്പാകെ വീണ്ടും വാദം കേട്ടു. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലായ മൻസൂർ അലി ഖാൻ പിഴത്തുകയായ ഒരു ലക്ഷം രൂപ അടയ്ക്കാൻ 10 ദിവസം കൂടി ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് ഒരാളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിന്റെ ആഘാതം മനസ്സിലാക്കണമെന്ന് പറഞ്ഞ ജഡ്ജി മൻസൂർ അലി ഖാനോട് 10 ദിവസം കൂടി പിഴ അടക്കാൻ ഉത്തരവിടുകയും കേസ് പരിഗണിക്കുന്നത് ഫെബ്രുവരി അഞ്ചിലേക്ക് മാറ്റുകയും ചെയ്തു.