ചെന്നൈ: അണ്ണാ ഡി.എം.കെ.യിൽ അവകാശം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ പുതിയചിഹ്നം കരസ്ഥമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താൻ വിമതനേതാവ് ഒ. പനീർശെൽവം (ഒ.പി.എസ്.)
ആലോചിക്കുന്നതായി റിപ്പോർട്ട്. ടി.ടി.കെ. ദിനകരനെയും വി.കെ. ശശികലയെയും ഉൾപ്പെടുത്തി പുതിയ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
അണ്ണാ ഡി.എം.കെ.യിൽനിന്ന് ഒ. പനീർശെൽവമടക്കം നാലുനേതാക്കളെ പുറത്താക്കിയ ജനറൽ കൗൺസിൽയോഗ തീരുമാനത്തിൽ ഇടപെടാൻ വെള്ളിയാഴ്ച സുപ്രീംകോടതി വിസമ്മതിച്ചതാണ് നിയമനടപടികളിൽ അണ്ണാ ഡി.എം.കെ. നേരിട്ട ഏറ്റവുംവലിയ തിരിച്ചടി.
പാർട്ടിയിൽ പിളർപ്പുണ്ടായി എന്നുവേണം കരുതാനെന്നും ഈ വിഷയത്തിൽ ഇപ്പോൾ ഇടപെടുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതി സ്റ്റേ തള്ളിയത്.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരേ ഒ.പി.എസ്. നൽകിയ സിവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും അതിലും അനുകൂലവിധിവരാനുള്ള സാധ്യത കുറവാണ്.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരേ നിയമനടപടി തുടരുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പുതിയ പാർട്ടിയായി മാറേണ്ടിവരുമെന്ന് ഒ.പി.എസിന് ഉറപ്പാണ്.
എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡി.എം.കെ. ഔദ്യോഗികപക്ഷം ബി.ജെ.പി.യുമായി പിരിഞ്ഞതോടെ സംസ്ഥാനത്ത് മൂന്നാംമുന്നണിക്ക് സാധ്യത തെളിഞ്ഞെന്നാണ് ഒ.പി.എസ്. പക്ഷത്തിന്റെ കണക്കുകൂട്ടൽ.