ചെന്നൈ: ഈസ്റ്റർ, വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള പ്രധാന തീവണ്ടികളിലെ ടിക്കറ്റ് തീർന്നു.
വിഷുവിന് മൂന്നുമാസത്തോളവും ഈസ്റ്ററിന് രണ്ടുമാസത്തിലേറെയും ബാക്കിയുള്ളപ്പോഴാണ് ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ തീർന്നത്.
ഇതോടെ കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
മാർച്ച് 27, 28 ദിവസങ്ങളിൽ വൈകീട്ട് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഈസ്റ്ററിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ തിരക്കുള്ളത്.
ഈ ദിവസങ്ങളിൽ സർവീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം മെയിലിലും (12623), ചെന്നൈ-ആലപ്പി എക്സ്്പ്രസിലും (22639) സ്ലീപ്പറിലും തേഡ് എ.സി.യിലും ബുക്കിങ് പൂർണമായി.
മാർച്ച് 28-ന് പുറപ്പെടുന്ന ചെന്നൈ-മംഗളൂരു മെയിലിലും (12601) റിസർവേഷൻനില വെയിറ്റിങ് ലിസ്റ്റാണ്. മാർച്ച് 31-നാണ് ഈസ്റ്റർ.
പെസഹാ വ്യാഴത്തിനും ദുഃഖവെള്ളിക്കും മുമ്പുതന്നെ കേരളത്തിൽ എത്തുന്ന തീവണ്ടികളിലാണ് തിരക്ക് ഏറെയുള്ളത്.
ഇത്തവണ വിഷു (ഏപ്രിൽ 14) ഞായറാഴ്ചയാണ്. ഇതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച വൈകീട്ട് പുറപ്പെടുന്ന തീവണ്ടികളിൽ തിരക്ക് ഏറെയാണ്.
ഈ ദിവസം ചെന്നൈ-ആലപ്പി എക്സ്പ്രസ്, ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് എന്നീ തീവണ്ടികളിലെ റിസർവേഷൻ നില വെയ്റ്റിങ് ലിസ്റ്റിൽ എത്തിയിരിക്കുകയാണ്.
തീവണ്ടികളിൽ റിസർവേഷൻ നേരത്തേ തീർന്നതിനാൽ കെ.എസ്.ആർ.ടി.സി. കാലതാമസമില്ലാതെ പ്രത്യേക സർവീസ് പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
പൊങ്കൽ കാലത്ത് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നാല് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.
സർവീസ് നടത്തുന്നതിന് ഏതാനും ദിവസം മുമ്പാണ് പ്രഖ്യാപനമുണ്ടായത്. ഇത് യഥാസമയം യാത്രക്കാരിൽ എത്തിക്കാനും സാധിച്ചില്ല.
എന്നാൽ, സ്വകാര്യ ബസുകൾ ഒരു മാസം മുമ്പേ റിസർവേഷൻ ആരംഭിച്ചിരുന്നു. ഇതുപോലെ കെ.എസ്.ആർ.ടി.സി.യും ഒരുമാസംമുമ്പ് റിസർവേഷൻ ആരംഭിക്കണമെന്നാണ് ചെന്നൈ മലയാളികളുടെ ആവശ്യം.