ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ തുടങ്ങുന്ന ദർശനത്തിനായി പ്രതിദിനം പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷ.
ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം ഉണ്ടായത്. ദർശനത്തിനോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും.
ഇന്നലെ രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു.
വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദർശനത്തിനായി എത്തിയത്.
ചൊവ്വാഴ്ച പുലർച്ചയോടെ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്തർ ക്ഷേത്രത്തിന് മുന്നിൽ തമ്പടിക്കുകയായിരുന്നു.
ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്‌ക്ക് 11.30 വരെയും ഉച്ചയ്‌ക്ക് രണ്ടുമുതൽ വൈകിട്ട് ഏഴുവരെയുമാണു ദർശനം അനുവദിക്കുക.
പുലർച്ചെ 6.30ന് ജാഗരൺ ആരതിയോടെ ക്ഷേത്രം തുറക്കും. വൈകിട്ട് 7.30ന് സന്ധ്യാ ആരതിയോടെ നട അടയ്‌ക്കും. ഉച്ചയ്ക്ക് 12നും ആരതിയുണ്ടാകും.
ആരതി ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്രീരാമ ജന്മഭൂമിയുടെ ഓഫിസിൽ നിന്നോ, വെബ് സൈറ്റിൽ നിന്നോ പാസ് നേടണം.
വിശേഷ ദിവസങ്ങളിൽ 16 മണിക്കൂർ വരെ ക്ഷേത്രം തുറക്കും. തിങ്കളാഴ്ട ഉച്ചയ്ക്കു 12.30നായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ.
കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി.