ചെന്നൈ: സിസേറിയനുശേഷം നവജാതശിശു മരിച്ചതിനെത്തുടർന്ന് ചെന്നൈയിലെ സർക്കാർ മെഡിക്കൽ ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ചികിത്സാ അനാസ്ഥയാണ് കാരണമെന്ന് കുഞ്ഞിന്റെ പിതാവ് ഇമ്രാനും കുടുംബാംഗങ്ങളും ആരോപിച്ചു.
പുളിയന്തോപ്പ് നിവാസികളായ ഇമ്രാൻ-അബിത യുവദമ്പതികൾക്ക് തങ്ങളുടെ ആദ്യ കുഞ്ഞിനെയാണ് നഷ്ടപെട്ടത്.
പുളിയന്തോപ്പിലെ ജി3 സർക്കാർ ആശുപത്രിയിൽ അബിതയുടെ പതിവ് പരിശോധനകൾ നടത്താൻ എത്തിയിരുന്നു. എന്നാൽ, അബിതയുടെ കാലാവധി അടുത്തതിനാൽ ജി3 ആശുപത്രി അബിതയെ എഗ്‌മോർ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ജനുവരി 20 ന് എഗ്‌മോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബിതയ്ക്ക് ജനുവരി 22 ന് അതിരാവിലെ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി.
പുലർച്ചെ 5.30 ഓടെ, കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നതിനാൽ അബിതയ്ക്ക് സി-സെക്ഷൻ നടപടിക്രമം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ഇമ്രാൻ പറഞ്ഞു.
രാവിലെ 6.30 ഓടെയാണ് കുഞ്ഞ് ജനിച്ചതെന്നും ജീവനക്കാർ കുഞ്ഞിനെ കൊണ്ടുവന്ന് കാണിക്കുമ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഇപ്പോഴും കുറവാണെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കൊണ്ടുവന്ന് കാണിക്കുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഇമ്രാൻ പറയുന്നത് .
തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് കുഞ്ഞ് മരണപെട്ടതായി അവർ അറിയിച്ചതെന്നും പിതാവ് കൂട്ടിച്ചേർത്തു.
അതേസമയം കുഞ്ഞിന്റെ മരണത്തിന് കാരണമായത് വൈദ്യശാസ്ത്രപരമായ അശ്രദ്ധയാണെന്നും ഇതിൽ അന്വേഷണം തുടരുമെന്നും മാധ്യമങ്ങളോട് സംസാരിച്ച എഗ്മോറിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സർക്കാർ ആശുപത്രി ഡയറക്ടർ കലൈവാണി പറഞ്ഞു.
മറ്റൊരു മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തും. ആ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരണകാരണം നമുക്ക് കണ്ടെത്താനാകുമെന്നും, കലൈവാണി കൂട്ടിച്ചേർത്തു.
എഫ് 7 മെറ്റേണിറ്റി ഹോസ്പിറ്റൽ പോലീസ് സ്‌റ്റേഷനെ സമീപിച്ചപ്പോൾ, ഭാര്യയെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ എന്തിനാണ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് ചോദിച്ചതായി ഇമ്രാൻ ആരോപിച്ചു.
ആശുപത്രിക്കെതിരെ പരാതി നൽകുന്നതിന് പകരം കോടതിയെ സമീപിക്കാനാണ് പൊലീസ് പറഞ്ഞത്.
എന്നാൽ ആരോപണങ്ങൾ രൂക്ഷമായതോടെ അന്വേഷണത്തിൽ സംഭവം ശരിയാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എഗ്മോർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വി രഗുപതി മാധ്യമങ്ങളോട് പറഞ്ഞു.