ചെന്നൈ : കിലാമ്പാക്കം ബസ് ടെർമിനസിൽ നിന്ന് താംബരം റെയിൽവേ സ്റ്റേഷനിലേക്ക് കൂടുതൽ എംടിസി ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
കിലാമ്പാക്കത്തിനു സമീപമുള്ള സബേർബൻ സ്റ്റേഷനുകൾ വണ്ടലൂരും ഊരപ്പാക്കവുമാണെങ്കിലും ഇവിടെ ഇറങ്ങിയാൽ, തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാനും ലഗേജുമായി വളരെയേറെ ദൂരം നടന്ന് ബസ് ടെർമിനസിൽ എത്താനും ബുദ്ധിമുട്ടുകൾ ഏറെയാണ്.
ഇതു മുന്നിൽക്കണ്ട് നഗരത്തിൽ നിന്നുള്ള ഒട്ടേറെ യാത്രക്കാർ താംബരം സ്റ്റേഷനിലിറങ്ങി എംടിസി ബസുകളിൽ കിലാമ്പാക്കത്തെത്തുന്നുണ്ട്.
റോഡ് മുറിച്ചു കടക്കേണ്ടതില്ല എന്ന സൗകര്യവുമുണ്ട്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഈ റൂട്ടിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് എംടിസി അധികൃതർ പറഞ്ഞു.
നിലവിലുള്ള ബസുകൾക്ക് പുറമേ റൂട്ട് നമ്പർ എം18 ഉള്ള 6 നോൺ സ്റ്റോപ് ബസുകൾ (പോയിന്റ് ടു പോയിന്റ്) ഓടിക്കും.
പുലർച്ചെ 3 മുതൽ രാത്രി 10 വരെ 10 മിനിറ്റ് ഇടവേളയിൽ സർവീസുകളുണ്ടാകുമെന്ന് എംടിസി അധികൃതർ പറഞ്ഞു.