ചെന്നൈ : ഇല്ലാത്ത പാഴ്‌സലിന്റെ പേരിൽ വലയൊരുക്കി പണം തട്ടിയെടുക്കുന്നത് വ്യാപകമാകുന്നുവെന്ന് സൈബർ പോലീസ് അറിയിച്ചു.
സ്വകാര്യ കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനായ 40 കാരനിൽനിന്ന് അടുത്തിടെ 62.99 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പുസംഘം തട്ടിയെടുത്തത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പാഴ്‌സലിന്റെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 650 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ചെന്നൈ സ്വദേശിയായ അരുൺകുമാറിന് പ്രമുഖ കൂറിയർ സ്ഥാപനമായ ഫെഡെക്സിൽ നിന്നാണെന്ന് പറഞ്ഞാണ് ഫോൺ വന്നത്.
അരുണിന്റെ പേരിൽ തായ്‌ലാൻഡിലേക്ക് അയക്കുന്നതായി ഫെഡെക്സ് മുംബൈ ബ്രാഞ്ചിൽ എത്തിയ പാഴ്‌സലിൽ ലഹരി വസ്തുകളുണ്ടായിരുന്നുവെന്നും ഇത് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അറിയിച്ചു.
തുടർന്ന് മുംബൈ സൈബർ പോലീസിന് ഫോൺ കൈമാറുന്നതായും അറിയിച്ചു.
സൈബർ പോലീസ് എന്ന വ്യാജേന സംസാരിച്ചയാൾ ഉടൻ പരാതി നൽകണമെന്ന് നിർദേശിച്ചു. പിന്നീട് മൊഴി രേഖപ്പെടുത്തുന്നതിനായി സ്കൈപ്പ് ആപ്ലിക്കേഷൻ മുഖേന ബന്ധപ്പെടാൻ നിർദേശിച്ചു.
മറ്റൊരു മുറിയിൽനിന്ന് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ ആൾ ഗുരുതരമായ പ്രശ്നമാണെന്നും പരിഹരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
സുരക്ഷാ നിക്ഷേപം എന്ന വിധത്തിൽ ആവശ്യപ്പെട്ട പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാർ തായ്‌ലാൻഡിൽ നിന്നുള്ള ഐ.പി. മേൽവിലാസം ഉപയോഗിച്ചാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമായി.
ഇത്തരത്തിലുള്ള വ്യാജ കോളുകളിലൂടെ ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കരുതെന്നും സംശയം തോന്നിയാൽ ഉടൻ അറിയിക്കണമെന്നും സൈബർ പോലീസ് അറിയിച്ചു.