അപ്രതീക്ഷിതമായ നാടകീയ രംഗങ്ങൾക്കാണ് ഇന്ന് കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്.
സർക്കാർ ഗവർണർ പോര് പാരമ്യത്തിലെത്തി നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടാൻ ശ്രമിച്ച എസ് എഫ് ഐ പ്രവർത്തകരെ പ്രോട്ടോകോൾ മറികടന്ന് റോഡിൽ കുത്തിയിരുന്ന് നേരിടുന്ന ഗവർണറെയാണ് ഇന്ന് കേരളം കണ്ടത്.
നിലമേലെത്തിയപ്പോഴാണ് പ്രതിഷേധം അതിന്റെ സർവ സീമയും ലംഘിച്ചത്. ഗവർണറുടെ വാഹനം വരുന്നത് കണ്ടയുടനെ തന്നെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു.
വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് തൊട്ടടുത്ത് വരെയെത്തി.
പൊലീസിന്റെ ഭാഗത്ത് നിന്ന് എസ് എഫ് ഐ പ്രവർത്തകരെ നിയന്ത്രിക്കാൻ നടപടിയില്ലാത്തത് വലിയതോതിൽ ഗവണറെ ചൊടിപ്പിച്ചു.
സംസ്ഥാനത്തെ ഭരണഘടനാ പദവിയിലിരിക്കുന്ന താൻ സുരക്ഷിതനല്ലെന്നും സർക്കാർ തലത്തിൽ നിന്ന് ജോലിക്ക് ഭീഷണിയുണ്ടെന്നും പറഞ്ഞ ഗവർണർ രാജ് ഭവനിലെ ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും വിളിക്കാൻ അവശ്യപ്പെട്ടു.
തുടർന്ന് ആഭ്യന്തര സെക്രട്ടറിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ, എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു.
രണ്ടുമണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് സമരമാണ് ഗവർണ്ണർ അവസാനിപ്പിച്ചത്.
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍.