ചെന്നൈ : ലൈംഗിക ന്യൂനപക്ഷത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി അർധ ജുഡീഷ്യൽ അധികാരമുള്ള കമ്മിഷൻ രൂപവത്കരിക്കുന്ന കാര്യം പരിഗണിച്ച് തമിഴ്‌നാട് സർക്കാർ .
എൽ.ജി.ബി.ടി.ക്യു.ഐ. പ്ലസ് വിഭാഗത്തിനായി സംസ്ഥാനസർക്കാർ തയ്യാറാക്കിയ കരട് നയത്തിലാണ് ഈ നിർദേശമുള്ളത്.
എൽ.ജി.ബി.ടി.ക്യു.ഐ. പ്ലസ് വിഭാഗത്തിന്റെ പരാതികൾ പരിഗണിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടികൾ നിർദേശിക്കുന്നതിനും കമ്മിഷന് അധികാരമുണ്ടായിരിക്കും.
ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് കമ്മിഷൻ നിരീക്ഷിക്കും. ആവശ്യമുള്ളവർക്ക് നിയമസഹായം നൽകുകയും ചെയ്യും.
തമിഴ്‌നാട് സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുള്ള ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് കഴിഞ്ഞവർഷം ജൂലായിലാണ് കരടുനയം തയ്യാറാക്കിയത്.
സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ചശേഷം കരടുനയത്തിൽ ഭേദഗതികൾ വരുത്തും.
കരടുനയത്തിന്റെ പകർപ്പ് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.